ഉസ്താദും കുട്ടിയും

#ഗുരുവും_ശിഷ്യനും

ഒരിടം വരെ പോകാനുണ്ട്. കൂട്ടിന് ആരെയെങ്കിലും കിട്ടുമോ? ഉസ്താദ് അന്വേഷിച്ചു. ഒരു മുതഅല്ലിമിനെ കിട്ടി. 

ഉസ്താദ് ചോദിച്ചു:
"മോനെ തിരക്കുണ്ടോ? ഒരിടം വരെ പോകാനുണ്ട്. കൂട്ടിന് വരാമോ?"

"ശരി, ഉസ്താദ് വരാമല്ലോ" 
മുതഅല്ലിം സമ്മതിച്ചു. 

ഏറെ ദൂരം നടന്നു. വയറ്റിൽ വിശപ്പ് ആളുന്നുണ്ട്. വറുതിയുടെ കാലം. 

ഉസ്താദ് ചോദിച്ചു:
"മോന്റെ കയ്യിൽ പൈസയുണ്ടോ?"

"ഇല്ല" മുതഅല്ലിം തലയാട്ടി.

"വിശപ്പുണ്ടോ?" ഉസ്താദ് ചോദിച്ചു.

മുതഅല്ലിം ഒന്നും മിണ്ടിയില്ല. അകത്ത് എരിയുന്ന വിശപ്പിന്റെ കാഠിന്യം മുഖത്തു തെളിഞ്ഞു. മൗനം വാചാലമായി.
വഴിയരികിൽ ഒരു കട കണ്ടു. ഒരു അമുസ്‌ലിമിന്റെതാണ്. 

ഉസ്താദ് പറഞ്ഞു: "മോനേ, എന്റെ കയ്യിൽ അഞ്ചു പൈസയുണ്ട്. ഒരു പൊറോട്ടക്ക് മൂന്ന് പൈസയാണ് വില. നമുക്ക് ഓരോ പൊറോട്ട കഴിക്കാം. കറിയും ചായയും വാങ്ങണ്ട. വെള്ളം കുടിച്ച് ദാഹം തീർക്കാം. രണ്ടുപേർക്കും കൂടി ആറ് പൈസയാകും. അഞ്ചു പൈസ ഞാൻ ഇപ്പോൾ കൊടുക്കാം. ഞാൻ മരിച്ചില്ലെങ്കിൽ നാളെ ഒരു പൈസ ഞാൻ കൊണ്ടുവന്നു കൊടുക്കും. ഞാൻ മരിച്ചാൽ മോൻ ഒരു പൈസ കൊടുക്കില്ലേ? എന്റെ വീട്ടിൽ ഞാൻ കിടക്കുന്ന പായയുടെ ചുവട്ടിൽ പൈസയുണ്ട്. അതിൽനിന്ന് എടുത്തു കൊടുത്താൽ മതി."

"ശരി. കൊടുക്കാം" മുതഅല്ലിം സമ്മതിച്ചു.

കടയിൽ കയറി. കടക്കാരനോട് ഉസ്താദ് പറഞ്ഞു: "ഞാനും ഈ കുട്ടിയുമുണ്ട്. ഞങ്ങൾക്ക് നല്ല വിശപ്പുണ്ട്. ഞങ്ങൾക്ക് ഓരോ പൊറോട്ട വീതം നൽകാമോ? എന്റെ കയ്യിൽ അഞ്ചു പൈസയുണ്ട്. അത് നിങ്ങൾക്ക് തരാം. ഞാൻ മരിച്ചില്ലെങ്കിൽ ബാക്കി ഒരു പൈസ നാളെ ഞാൻ തന്നെ കൊണ്ടുവന്നു തരും. ഞാൻ മരിച്ചാൽ ഈ മോൻ ഒരു പൈസ കൊണ്ടുവന്നു തരും" 

ഉസ്താദ് മുതഅല്ലിമിനെ നോക്കി ചോദിച്ചു: "ഇല്ലേ?"

"അതെ. ഞാൻ തരാം" മുതഅല്ലിം സമ്മതിച്ചു.

ഉസ്താദും മുതഅല്ലിമും ഭക്ഷണം കഴിക്കാൻ ഇരുന്നു. കടക്കാരൻ അവർക്ക് ഈരണ്ടു പൊറോട്ടയും ഓരോ ചായയും നൽകി. ഭക്ഷണം കഴിച്ച് അവർ അല്ലാഹുവിനെ സ്തുതിച്ചു. 

കയ്യിലുള്ള അഞ്ചു പൈസ ഉസ്താദ് കടക്കാരനു നേരെ നീട്ടി. കടക്കാരൻ കൈകൾ കൂപ്പി പറഞ്ഞു: "അഞ്ചു പൈസ വേണ്ട. അങ്ങ് ദൈവത്തോട് പ്രാർത്ഥിച്ചാൽ മതി."

ഉസ്താദ് നിറക്കണ്ണുകളോടെ ആ കടക്കാരനെ നോക്കി. പിന്നെ മുതഅല്ലിമിനെയും. 

തിരിച്ചു നടക്കുമ്പോൾ ഉസ്താദ് മുതഅല്ലിമിനോട് പറഞ്ഞു: "മോനേ, ദീനിന്റെ ഒരു ഖാദിമാകാൻ കഴിഞ്ഞാൽ നാം അറിയാത്ത മാർഗ്ഗത്തിൽ നമ്മുടെ കുടുംബത്തെ അല്ലാഹു കാക്കും. ഉമ്മയെ, ഉപ്പയെ രക്ഷപ്പെടുത്തും. ഒരു സ്ഥലത്തും കുടുക്കില്ല."

മുതഅല്ലിമിന് ഉസ്താദിന്റെ വാക്കുകൾ ഊർജ്ജം നൽകി. മനസ്സ് നിറഞ്ഞു. ഇരു കണ്ണുകളും സജലമായി.

#ഉസ്താദ്: പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ
#മുതഅല്ലിം: #നൂറുൽഉലമ എം എ ഉസ്താദ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നന്തിയിൽ മുസ്‌ലിയാർ

വസ്തുവിന്റെ രെജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാമോ

പിതാവിനായി