സയനൈഡിന്റെ രുചി
"പൊട്ടാസ്യം സയനൈഡ്,
ഇതിൻ്റെ രുചി ഞാൻ അറിഞ്ഞു.വളരെ പതുക്കെ, സ്റ്റാർട്ടിങ് വളരെ
പുകച്ചിലാണ് ! നാക്കെല്ലാം എരിയും, ഹാർഡാണ്, നല്ല ചവർപ്പാണ്"
വെറുമൊരു കെട്ടുകഥയിലെ വരിയല്ല ഇത്. 15 വർഷം മുമ്പ് പാലക്കാട്ടെ ഹോട്ടലിൽ ആത്മഹത്യ ചെയ്ത സ്വർണപ്പണിക്കാരൻ എം.പി. പ്രസാദിൻ്റെതാണ് ഈ വാക്കുകൾ. കൊടും വിഷമായ പൊട്ടാസ്യം സയനൈഡിെൻറ 'രുചി രഹസ്യം' ജീവിതം മുറിഞ്ഞുപോകും മുമ്പ് 32കാരനായ പ്രസാദിൻ്റെ വരികളിൽ തെളിഞ്ഞു.
വർഷങ്ങൾക്കിപ്പുറം പ്രസാദിൻ്റെ ആത്മഹത്യക്കുറിപ്പ് ഒരു നോവലിലെ വരികളായി. ചിലിയൻ എഴുത്തുകാരൻ ബെന്ജമിന് ലെബറ്ററ്റിന്റെ(Benjamin Labatut) 'വെന് വീ സീസ് ടു അണ്ടർസ്റ്റാന്ഡ് ദ വേള്ഡ്'(When we cease to understand the world) എന്ന നോൺഫിക്ഷൻ നോവലിലെ ആദ്യ ഭാഗത്താണ് ആ "രഹസ്യവരികൾ"
ശാസ്ത്രലോകത്ത് അതുവരെ ചുരുളഴിയാതിരുന്ന ഒരു രഹസ്യം വെളിപ്പെടുത്തിയ എറണാകുളത്തുകാരൻ. കേരളത്തിൽ നിന്ന് 9705 മൈൽ, അതായത് 15,618 കിലോമീറ്റർ ദൂരെ ചിലിയിൽ നിന്ന് ആ പേര് വീണ്ടും ശാസ്ത്രലോകത്ത് ചർച്ചയായി.
രണ്ടാഴ്ചയോളം അത് വെറുമൊരു ആത്മഹത്യക്കുറിപ്പ് മാത്രമായിരുന്നു. വെള്ളയിൽ നീലവരയിട്ട പേപ്പറിൽ ജീവനൊടുക്കാൻ വെമ്പിയ ഒരാളുടെ ഏറ്റുപറച്ചിലും കാര്യകാരണങ്ങളും വിശദീകരിക്കുന്ന കുറിപ്പ്. എന്നാൽ, ആ പേപ്പറിൽ പതിഞ്ഞ മഷിയിലൂടെയാണ് അജ്ഞാത രഹസ്യം ചുരുളഴിയുന്നത്. വേദനിക്കുന്ന മാനസിക ആകുലതകൾ കുറിപ്പിൽ വ്യക്തമാണെങ്കിലും സയനൈഡിനോടുള്ള ഭയം കലർന്ന കൗതുകം പ്രസാദിൻ്റെ കുറിപ്പിലുണ്ടായിരുന്നു. പത്താംതരവും പ്ലസ് ടുവും കഷ്ടിച്ച് ജയിച്ച സാധാരണ കുടുംബത്തിലെ അംഗമായിരുന്ന ആ യുവാവ് ലോകത്തിനുമുന്നിൽ വെളിപ്പെടുത്തിയതാകട്ടെ ചുരുളഴിയാതിരുന്ന ഒരു രഹസ്യവും. 15 വർഷങ്ങൾക്കിപ്പുറം ബെന്ജമിന് ലെബിറ്ററ്റിലൂടെ പുനർജനിക്കുകയാണ് പ്രസാദ്.
2006 മാർച്ച് 28
കട്ടിമീശക്കാരൻ, സുമുഖൻ, ആരെയും ആകർഷിക്കുന്ന പെരുമാറ്റം, വൃത്തിയുള്ള തേച്ചുമിനുക്കിയ മുഴുകൈ കുപ്പായവും പാൻറ്സും വേഷം, എപ്പോഴും മുഖത്ത് പുഞ്ചിരി, ഒരു തവണ സംസാരിച്ചവർ പോലും ഓർത്തുവെക്കുന്ന പ്രകൃതം... എറണാകുളം ജില്ലയിലെ കാക്കനാട് പഴന്തോട്ടം മണ്ണാശ്ശേരി പ്രഭാകരൻ -സരോജം ദമ്പതികളുടെ മുത്തമകൻ കണ്ണൻ എന്ന പ്രസാദിനെക്കുറിച്ചുള്ള ഓർമകളാണ്.
തൃപ്പൂണിത്തുറയിലെ ജോലി വിട്ട് 2005ലാണ് പ്രസാദ് പാലക്കാട് പുതുപ്പള്ളി സ്ട്രീറ്റിൽ സ്വന്തമായി ജ്വല്ലറി ആരംഭിച്ചത്. കൈയിലുള്ളത് സ്വരുക്കൂട്ടിയും അച്ഛനുൾപ്പെടെ പലരോടും പണം വാങ്ങിയുമാണ് 25 ലക്ഷത്തോളം മുടക്കി 'ഗോൾഡൻ ജ്വല്ലറി വർക്സ്' എന്ന കട തുടങ്ങിയത്.
സിനിമ-കലാസംവിധായകനായ സാബു സിറിളിന്റെ സംഘത്തിലുള്ളവരായിരുന്നു അന്ന് പ്രസാദിന്റെ കടയുടെ ഡിസൈനർമാർ. ചുരുങ്ങിയ കാലംകൊണ്ട് പ്രസാദിന്റെ സൗഹൃദവലയം വ്യാപിച്ചു, മോശമല്ലാത്ത കച്ചവടവും. അതിനിടെയാണ് പ്രസാദിന്റെ ജീവിതം തകർത്ത സംഭവം സൗഹൃദത്തിന്റെ രൂപത്തിലെത്തിയത്. മാർബിൾ തൊഴിലാളികളാണെന്നു പരിചയപ്പെടുത്തിയ രാജസ്ഥാനിലെ ബിക്കനിർ സ്വദേശികളായ രണ്ടു സുഹൃത്തുക്കൾ സ്വർണമെന്നു തെറ്റിദ്ധരിപ്പിച്ച് പിത്തളയിൽപൊതിഞ്ഞ മാല നൽകി വഞ്ചിച്ചു. നാലുലക്ഷം രൂപക്കാണ് കച്ചവടം ഉറപ്പിച്ചത്. മാർച്ച് 28ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ഹോട്ടലിൽവെച്ച് ആദ്യഘട്ട പണമായ രണ്ടുലക്ഷം നൽകി ഇടപാടും നടത്തി.
പിന്നാലെയാണ് താൻ ചതിക്കപ്പെട്ട വിവരം പ്രസാദ് അറിയുന്നത്. മാസങ്ങൾക്കുശേഷം പ്രതികളിൽപ്പെട്ട സംഘം സമാന തട്ടിപ്പ് നടത്തി പിടിയിലായ വാർത്ത പ്രസാദ് പത്രങ്ങളിലൂടെ അറിഞ്ഞു. ഷൊർണൂർ പൊലീസ് സ്റ്റേഷനിലെത്തി പ്രതികളെ തിരിച്ചറിഞ്ഞു പരാതിയും നൽകി മടങ്ങി. സംഭവശേഷം മാനസികമായി തകർന്ന പ്രസാദിനെ ബന്ധു സഹായിച്ചെങ്കിലും കരകയറാനായില്ല.
പ്രസാദിൻ്റെ ആത്മഹത്യാകുറിപ്പ്
2006 ജൂൺ 15
ജീവിതം അവസാനിപ്പിക്കാൻ ഉറപ്പിച്ചാവണം ജൂൺ 15ന് വെണ്ണക്കരയിലെ ബന്ധുവീട്ടിൽനിന്ന് സയനൈഡുമായി പ്രസാദ് ഇറങ്ങിയത്.
ജ്വല്ലറി പണിക്കാരനായതുകൊണ്ട് സയനൈഡ് വാങ്ങാനുള്ള ലൈസൻസുണ്ടായിരുന്നു. പാലക്കാട് നഗരത്തിലെ ബസ്സ്റ്റാൻഡിന് സമീപമുള്ള സ്വകാര്യ ഹോട്ടലിൽ 207ാം നമ്പർ മുറിയെടുത്ത് താമസിച്ചു. ജൂൺ 16നാണ് അവസാനമായി അച്ഛനും അമ്മയും പ്രസാദിനോട് ഫോണിൽ സംസാരിച്ചത്. സംസാരത്തിൽ അസ്വാഭാവികത തോന്നിയതിനാൽ തിരികെ വീട്ടിലേക്ക് മടങ്ങിവരാൻ മാതാപിതാക്കൾ നിർബന്ധിച്ചു.
അമ്മയുടെ പിറന്നാൾ ദിവസമായ ജൂൺ 18ന് വരാമെന്നും തനിക്ക് കുഴപ്പമില്ലെന്നും പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു. തനിക്ക് പ്രശ്നങ്ങളില്ലെന്ന് ബോധ്യപ്പെടുത്താൻ ഹോട്ടൽ ബോയിയെക്കൊണ്ടും അച്ഛനോട് സംസാരിപ്പിച്ചിരുന്നു. സംഭവദിവസം രാവിലെ 6.45ന് സഹോദരൻ പ്രദീപിനോടും സംസാരിച്ചു. മൊബൈൽ ഓഫാക്കിയതിനാൽ ഹോട്ടലിലെ റിസപ്ഷനിലേക്ക് വിളിച്ചാണ് ഫോൺ കണക്ട് ചെയ്തത്. അപ്പോഴും സന്തോഷവാനായിരുന്നെന്നും പ്രശ്നങ്ങളില്ലെന്നുമുള്ള മറുപടി പ്രദീപിനും ലഭിച്ചു.
ക്രൈം നമ്പർ-255/2006
പാൻറ്സും ഷർട്ടുമിട്ട് കട്ടിലിൽ ഒരു വശത്തേക്കു ചരിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കണ്ടാൽ ഉറങ്ങുകയാണെന്നു തോന്നിയിരുന്നു. വായിൽനിന്ന് രക്തംകലർന്ന നുരയും പതയും ഒലിച്ച പാട് മുഖത്തും ബെഡ്ഷീറ്റിലുമുണ്ടായിരുന്നു. തൊട്ടടുത്തുള്ള മേശയിൽ ആത്മഹത്യക്കുറിപ്പ്, പേപ്പർ, മദ്യക്കുപ്പി, സയനൈഡ് പൊതിഞ്ഞ പേപ്പർ, ഗ്ലാസ്, പെൻ എന്നിവയും കണ്ടെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
മജിസ്ട്രേറ്റിനുള്ള കുറിപ്പ് മുഴുമിപ്പിക്കുന്നതിനിടെയാവാം മരണം. കാരണം, നാലാമത്തെ വരിയിലെ അവസാന മൂന്നുവാക്ക് ഏറെ പ്രയാസപ്പെട്ട് എഴുതിയതാണെന്ന് കത്തിൽ വ്യക്തമാണ്. രാവിലെ ഏഴിനും 3.30നും ഇടയിലായിരുന്നു സംഭവം. 174 സി.ആർ.പി.സി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രസാദ് സ്വന്തം കൈപ്പടയിൽ എഴുതിയ ആത്മഹത്യക്കുറിപ്പ് അച്ഛനും സഹോദരനും തിരിച്ചറിഞ്ഞിരുന്നു. ആത്മഹത്യക്കുറിപ്പും ആന്തരിക പരിശോധനഫലവും പുറത്തുവന്നതോടെ അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയിരുന്നു'' മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ പാലക്കാട് ടൗൺ സൗത്ത് സബ് ഇൻസ്പെക്ടർ കെ. പ്രമോദ് പറയുന്നു. നിലവിൽ കൽപറ്റ സി.ഐയാണ് ഇദ്ദേഹം.
''മൂന്നു ദിവസമായി ഇവിടെ താമസിക്കുന്നയാൾ ഇന്ന് മുറിയിൽനിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നും വിളിച്ചിട്ട് കതക് തുറക്കുന്നില്ലെന്നും പറഞ്ഞ് സംഭവദിവസം ഉച്ചയോടെ ഹോട്ടലിൽനിന്ന് സ്റ്റേഷനിലേക്ക് ഫോൺകാൾ വന്നു. അന്നത്തെ കാര്യങ്ങൾ അത്ര കൃത്യമായി ഓർക്കുന്നില്ലെങ്കിലും അന്താരാഷ്ട്ര ശ്രദ്ധനേടിയ സംഭവമായതിനാൽ ചിലകാര്യങ്ങളൊക്കെ മനസ്സിലുണ്ട്. വിളിച്ചുനോക്കി തുറക്കില്ലെന്ന് ഉറപ്പാക്കിയശേഷമാണ് കതക് പൊളിച്ചത്. പിന്നീടാണ് അച്ഛനെയും സഹോദരനെയും വിളിച്ചുവരുത്തിയത്'' അദ്ദേഹം പറയുന്നു.
''എന്റെ പേര് പ്രസാദ്, ഞാൻ ഒരു സ്വർണപ്പണിക്കാരനാണ്... എന്ന വരികളാണ് ആത്മഹത്യക്കുറിപ്പിൻ്റെ തുടക്കം. നാലുപേജ് കത്താണ് മുറിയിൽനിന്ന് പൊലീസ് കണ്ടെത്തിയത്. ആദ്യ പേജിൽ സാമ്പത്തിക നില തകർന്നതിന്റെ കഥകൾ. രണ്ടാമത്തെ പേജിൽ താൻ മരിക്കാൻ കാരണം സാമ്പത്തികനില തകർന്നതാണെന്ന് പ്രിയപ്പെട്ട അച്ഛനും അമ്മക്കും എന്ന സംബോധനയിൽ എഴുതിയിരിക്കുന്നു. മൂന്നാമത്തെ പേജ് ജില്ല മജിസ്ട്രേറ്റിനുള്ള കുറിപ്പായിരുന്നു. ഈ കുറിപ്പ് പൂർത്തീകരിക്കുന്നതിനുമുമ്പ് എട്ടുവരി വിട്ട് പ്രസാദ് ആ രഹസ്യം വെളിപ്പെടുത്തി.
"ഡോക്ടേഴ്സ്, പൊട്ടാസ്യം സയനൈഡ്(ഇത് ഇംഗ്ലീഷിലാണ് എഴുതിയത്)
ഇതിന്റെ രുചി ഞാൻ അറിഞ്ഞു. വളരെ പതുക്കെ, സ്റ്റാർട്ടിങ് വളരെ പുകച്ചിലാണ്, നാക്കെല്ലാം എരിയും, ഹാർഡാണ്, നല്ല ചവർപ്പാണ്...''
കത്ത് പൂർത്തിയാക്കാൻ കഴിയില്ലെന്ന ചിന്തയോ, തനിക്ക് മാത്രം മനസ്സിലായ രുചിയുടെ പ്രാധാന്യമോ ഓർമവന്നതിലാകണം ആ യുവാവ് നാലുവാക്കുകളിൽ രഹസ്യം വെളിപ്പെടുത്തിയത്.
''ഏതോ നോവലിൽ ഞാൻ വായിച്ചിട്ടുണ്ട്. ഒരാളെ പ്ലാനിങ് ആയിട്ട് കൊല്ലാമെന്ന്, എല്ലാ ദിവസവും നോവൽ വായിക്കുന്ന, നാക്കിലെ ഉമിനീർ തൊട്ട് പേജ് മറിക്കുന്ന ആളെ അപായപ്പെടുത്താൻ അതേ സ്ഥാനത്ത് സയനൈഡ് പുരട്ടി വെക്കുക. അയാൾ ഒരു സംശയവും ബാക്കിവെക്കാതെ മരിക്കുന്നു. അയാളെ
മറ്റൊരു വ്യക്തിക്ക് നിഷ്പ്രയാസം ഇങ്ങനെ കൊല്ലാൻ സാധിക്കുമെന്ന് എനിക്ക് മനസ്സിലായി''
സയനൈഡ് കൊടുത്ത് ആളുകളെ കൊല്ലാമെന്ന് പണ്ട് ഒരു നോവലിൽ വായിച്ച അനുഭവം പ്രസാദ് കുറിപ്പിൽ എഴുതി.
(ഒരു വരി വിട്ടശേഷം)
"എനിക്ക് പറ്റിയ അബദ്ധം, ഞാൻ സയനൈഡ് മദ്യത്തിൽ ഇട്ടുവെച്ച ശേഷം പേനകൊണ്ട് അതിനെ അലിയിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, അത് അലിഞ്ഞില്ല. അതേ പേനകൊണ്ട് ഞാൻ എല്ലാ വിവരണങ്ങളും എഴുതി. എന്തോ ഓർക്കാൻ ശ്രമിച്ചു. പേന നാക്കിൽ മുട്ടിച്ചു, പിന്നെ ഭയങ്കര എരിച്ചിലായിരുന്നു ഇത് എഴുതിത്തീരുന്നതുവരെ...'' സയനൈഡിന്റെ രുചി രേഖപ്പെടുത്താനുള്ള കാരണമായി പ്രസാദ് രേഖപ്പെടുത്തിയത് ഇതായിരുന്നു. അതേ പേജിൽ ഒരു വരി വിട്ട ശേഷം ''എന്റെ മരണത്തിന് അവർ മാത്രമാണ് ഉത്തരവാദികൾ, ബിക്കനിർ സ്വദേശികളായ ഹിന്ദിക്കാർ...'' എന്നും എഴുതിയിരുന്നു.
''കണ്ണൻ ഉപയോഗിച്ച പേന എളുപ്പം തിരിച്ചറിയാം, എഴുത്തിനിടെ പേനയുടെ അടിഭാഗം കടിക്കുന്ന ശീലമുണ്ടായിരുന്നു. ആ ശീലമാവും സയനൈഡിന്റെ രുചി അറിയാൻ കാരണമായത്'' -അമ്മ പറയുന്നു.
''പ്രസാദിന് സയനൈഡ് സംബന്ധിച്ച് കൗതുകം തോന്നുന്നത് നോവലുകളിൽനിന്നാണ്. കേരള പൊലീസിലെ മുൻ ക്രിമിനോളജിസ്റ്റ് ഡോ. ജെയിംസ് വടക്കുംചേരിയുടെ ഒരു പുസ്തകത്തിലാണെന്നു തോന്നുന്നു, സയനൈഡ് സംബന്ധിച്ചുള്ള പരാമർശത്തെപ്പറ്റി പണ്ട് പ്രസാദ് എന്നോട് സംസാരിച്ചിരുന്നു'' -പ്രദീപ് പറഞ്ഞു.
അക്രിഡ് ടേസ്റ്റ് വിത്ത് ബേണിംഗ് സെൻഷേഷൻ
''പാലക്കാട് ജില്ല ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം. ആന്തരിക അവയവ പരിശോധന നടത്തിയത് കൊച്ചിയിലും. പേനത്തുമ്പിൽനിന്ന് ഒന്നോ രണ്ടോ മില്ലിഗ്രാം സയനൈഡ് മാത്രമേ പ്രസാദിന്റെ ഉള്ളിൽ ചെന്നിട്ടുണ്ടാവൂ, അതായത് 10 മില്ലി ഗ്രാമിൽ താഴെ മാത്രം. രുചി അറിയാൻ അത് ധാരാളം മതിയായിരുന്നു. കുറിപ്പിലെ പിന്നീടുള്ള ഭാഗങ്ങൾ പൂർണ്ണമാക്കാൻ സമയം ലഭിച്ചതും ഇതിനാലാണ്.
ആത്മഹത്യാ കുറിപ്പിലുള്ള പരാമർശം അപഗ്രഥിച്ച് പൊള്ളലോടെയുള്ള ചവർപ്പ് (അക്രിഡ് ടേസ്റ്റ് വിത്ത് ബേണിങ് സെൻസേഷൻ) എന്നായിരുന്നു സയനൈഡിന്റെ രുചി സംബന്ധിച്ച് മെഡിക്കൽ ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്. സയനൈഡിന്റെ രുചി സംബന്ധിച്ച് വ്യത്യസ്ത വിവരണങ്ങൾ അന്നുണ്ടെങ്കിലും അവയെല്ലാം സയനൈഡ് അടങ്ങിയ
ഭക്ഷ്യവസ്തുക്കളുടെയും ചില പഴങ്ങളുടേയും രുചി അടിസ്ഥാനമാക്കിയ നിഗമനങ്ങളായിരുന്നു.
നടത്തിയ അന്വേഷണങ്ങളിലൊന്നും ആധികാരികമായ രേഖകളോ അനുഭവ സാക്ഷ്യങ്ങളോ ലഭ്യമായതുമില്ല.' പ്രസാദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോ. പി.ബി. ഗുജ്റാൾ പറയുന്നു. നിലവിൽ ഫോറൻസിക് മെഡിസിൻ ചീഫ് കൺസൾട്ടന്റും ആരോഗ്യവകുപ്പ് പൊലീസ് സർജനുമാണ് അദ്ദേഹം.
ആത്മഹത്യാ കുറിപ്പിൽ സയനൈഡിന്റെ രുചി രേഖപ്പെടുത്തിയത് സംബന്ധിച്ച് ആരോഗ്യവകുപ്പ് വിദഗ്ധാഭിപ്രായം തേടിയിരുന്നു. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ 2006 ജൂലൈ ആറിന് ഫോറൻസിക് വിഭാഗത്തോട് അന്നത്തെ ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്ന വിശ്വാസ് മേത്തയും ആവശ്യപ്പെട്ടിരുന്നു. കണ്ടെത്തലിന്റെ മൂല്യം പരിഗണിച്ച് രേഖകളിൽ ആധികാരികമായി കണ്ണന്റെ പേരുവരണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം.
ഓർമകളിൽ നീറി പ്രസാദിൻ്റെ മാതാപിതാക്കൾ
പഴക്കം വന്ന് ദ്രവിച്ചുതുടങ്ങിയ കറുത്ത തുണിപ്പെട്ടി അകത്ത് കട്ടിലിനടിയിൽനിന്ന് അരുമയോടെ താങ്ങിയെടുത്താണ് 68കാരി സരോജം കോലായിലേക്ക് വന്നത്. വാർധക്യസഹജ അസുഖം കാരണം നടക്കാൻപോലും പ്രയാസപ്പെടുന്നുണ്ട്. ''ഞങ്ങടെ കണ്ണായിരുന്ന കണ്ണന്റെ സാധനങ്ങളാണ്, അധികവും വസ്ത്രങ്ങളാണ്. അവൻ ഉപയോഗിച്ച ബൈക്ക് പിറകിലുണ്ട്, ഞങ്ങളത് ആർക്കും കൊടുത്തിട്ടില്ല''... തലക്കുമീതെ ചുവരിൽ കുറിതൊട്ടു ചിരിച്ചുനിൽക്കുന്ന മാലയിട്ട കണ്ണന്റെ ഫോട്ടോക്കു താഴെ ഇരുന്ന് വാക്ക് മുഴുമിപ്പിക്കും മുമ്പ് ഒഴുകിയെത്തിയ കണ്ണീർ സാരിത്തുമ്പ് കൊണ്ട് തുടക്കാൻ അവർ പാടുപെട്ടു.
അച്ഛൻ പ്രഭാകരന് വയസ്സ് 73 ആയി. വാഹനാപകടത്തെ തുടർന്ന് ശരീരത്തിന്റെ അഞ്ചിടങ്ങളിൽ കമ്പിയിട്ടെങ്കിലും നാട്ടിൽ ലോട്ടറി വിൽക്കാൻ പോവാറുണ്ട്. പ്രദീപിന് ചെറിയ ബിസിനസാണ്. നിറഞ്ഞ പുഞ്ചിരിയോടെ സംസാരിച്ചാലും അവശതയും ദയനീയതയും അസുഖത്തിന്റെ പ്രയാസവും മകന്റെ വേർപാടും ആ വൃദ്ധമുഖങ്ങളിൽ മുഴച്ചുനിൽക്കുന്നുണ്ടായിരുന്നു. ശാസ്ത്രലോകം ഉത്തരം തേടിയ കണ്ടുപിടിത്തം ലോകത്തിനുമുന്നിൽ കുറിച്ച പ്രസാദിന്റെ മാതാപിതാക്കളുടെ കണ്ണീർനനവുള്ള ഓർമകൾക്കൊപ്പം പുറത്തുപെയ്ത മഴയിൽ വർഷങ്ങളുടെ പഴക്കം കാരണം ദ്രവിച്ചുതുടങ്ങിയ ഓടിട്ട വീടും അങ്ങിങ്ങായി ചോർന്നൊലിക്കുന്നുണ്ടായിരുന്നു.
(കടപ്പാട് - മാധ്യമം)
- ഫോട്ടോയിൽ പ്രസാദ്, അച്ഛൻ, അമ്മ, സഹോദരൻ പ്രദീപ്, ഡോ.പി.ബി.ഗുജ്റാൾ, സി ഐ പ്രസാദ് -
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ