നന്തിയിൽ മുസ്‌ലിയാർ
സമസ്ത പണ്ഡിതരുടെ കറാമത്തുകള്‍ ഭാഗംഃ 1
''സംഘത്തോടൊപ്പം ആണ് സഹായം...''
നമുക്ക് ഇവിടെ ഒരു അറബി കോളേജ് സ്ഥാപിക്കണം. ബിരുദം നൽകുന്ന കോളേജ് ആയിരിക്കണം. വിദ്യാർത്ഥികൾക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കുകയും ചെയ്യണം.
പള്ളിയിൽ വിളിച്ചുചേർത്ത കമ്മറ്റി ഭാരവാഹികളോടായി അവരുടെ ഖാള്വിയും, മുദരിസുമായ മുഹമ്മദ് മുസ്ലിയാർ പറഞ്ഞു.
അറബിക് കോളേജോ....?
ഈ പള്ളി ദർസ് തന്നെ മുന്നോട്ടു കൊണ്ടു പോകാൻ നാട്ടുകാര്‍ പെടാപ്പാട് പെടുകയാണല്ലോ..?
ചിലർ അവരുടെ ആശങ്ക ഉസ്താദിനെ അറിയിക്കുകയായിരുന്നു.
കോളേജിന്റെ നടത്തിപ്പിന് വലിയ സാമ്പത്തിക ചെലവ് വരില്ലേ...? ചിലർ സന്ദേഹിച്ചു.
സാമ്പത്തിക ചെലവ് വരും. അക്കാര്യത്തിൽ ആരും ഭയപ്പെടേണ്ടതില്ല. അല്ലാഹുവിൻറെ ഖജനാവില്‍ അറ്റമില്ലാത്തത്ര ധനം ഉണ്ട്. ചിലർക്കെല്ലാം അവൻ ധനം അനുഗ്രഹമായി നൽകിയിട്ടുമുണ്ട്. അതുകൊണ്ട് നാം ഭയപ്പെടുകയോ നിരാശപ്പെടുകയോ ചെയ്യേണ്ടതില്ല. നാം ഒന്നായി ഒരേ മനസ്സുമായി പ്രവർത്തിച്ചാൽ അതിൽ അല്ലാഹുവിൻറെ അനിര്‍വചനീയമായ സഹായം ഉണ്ടാവും. സംഘത്തോടൊപ്പം ആണ് അല്ലാഹുവിൻറെ സഹായം എന്നാണല്ലോ നബിസ്വല്ലല്ലാഹു അലൈഹിവസല്ലം നമ്മെ പഠിപ്പിച്ചത്.
ഉസ്താദിൻറെ വിശദീകരണം അവർക്ക് ധൈര്യം പകര്‍ന്നു.
കമ്മിറ്റി ഭാരവാഹികൾ കോളേജ് സജ്ജമാക്കാനുള്ള പ്രവർത്തനത്തിൽ മുഴുകുകയായിരുന്നു. ഉസ്താദിനെ സന്ദർശിക്കാൻ രാജ്യത്തിൻറെ നാനാഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകളാണ് ദിനേനെ എത്തിക്കൊണ്ടിരിക്കുന്നത്. അശരണരുടെ അഭയ കേന്ദ്രമാണ് അദ്ദേഹം. ശാരീരിക പ്രയാസം അനുഭവിക്കുന്നവർക്ക് ഔഷധവും, മാനസിക പ്രശ്നം ഉള്ളവർക്ക് ആത്മീയ ചികിത്സയും അദ്ദേഹം നടത്തിവരുന്നു.
എന്തെങ്കിലും പ്രശ്നങ്ങൾക്ക് അത് ശരിയായിക്കൊള്ളും എന്ന ഒരു വാക്ക് ലഭിച്ചാൽ മതി. പിന്നെ അത് അപ്രകാരമായി തീർന്ന അനുഭവങ്ങൾ അനവധിയാണ്.
റഹ്മത്ത് മന്‍സിലിന്‍റെ കവാടം ജനങ്ങൾക്ക് വേണ്ടി സദാസമയവും തുറന്നു കിടക്കുകയായിരുന്നു.
നന്തിയിൽ മുസ്ലിയാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന മഠത്തിൽ പറമ്പിൽ മുഹമ്മദ് മുസ്ലിയാരായിരുന്നു ആ സൂഫിവര്യൻ.
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിക്കടുത്ത ഇരുമ്പാലശ്ശേരി മഹല്ല് ഖാദി കുഞ്ഞഹമ്മദ് മുസ്ലിയാരുടെയും ഫാത്തിമയുടെയും മകനാണ് നമ്മുടെ കഥാപാത്രമായ നന്തിയിൽ മുസ്‌ലിയാർ.
ജന്മനാട്ടിൽ വെച്ച് പ്രാഥമിക പഠനം പൂർത്തിയാക്കിയ ശേഷം സൈതാലി മുസ്ലിയാർ, താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാർ എന്നിവരുടെ നേതൃത്വത്തിൽ ദർസ് പഠനം തുടർന്നു.
കർമ്മ ശാസ്ത്ര പഠനത്തോടൊപ്പം ആധ്യാത്മിക (ഇല്‍മുത്തസ്വവ്വുഫ്) വിജ്ഞാനത്തിലും അദ്ദേഹം അവഗാഹം നേടി.
ചാവക്കാട് സീതിക്കോയ തങ്ങളുടെ ശിഷ്യത്വം സ്വീകരിച്ച മഹാൻ തങ്ങളിൽ നിന്ന് ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിക്കുകയുണ്ടായി.
വിജ്ഞാനം തേടി പിന്നീട് അദ്ദേഹം എത്തിച്ചേർന്നത് ചാലിയം ദർസിൽ ആയിരുന്നു. ബഹുമുഖ പ്രതിഭയായിരുന്ന ഓടക്കൽ സൈനുദ്ദീൻ കുട്ടി മുസ്ലിയാർ ആയിരുന്നു അന്നത്തെ ചാലിയം മുദരിസ്.
ഹദീസ് വിജ്ഞാനത്തിനും പുറമേ ഗോള ശാസ്ത്ര (ഇല്‍മുല്‍ ഫലക്) വിഷയത്തിലും ചികിത്സാസ്ത്രം (ഇല്‍മുത്ത്വിബ്ബ്) സ്മര്യ പുരുഷൻ നിപുണനായി തീർന്നു.
ഉസ്താദായ സൈനുദ്ദീൻ കുട്ടി മുസ്ലിയാരുടെ സമ്മതപ്രകാരം കൊയിലാണ്ടിക്ക് സമീപം നന്തിയിൽ ജുമാ മസ്ജിദിൽ മുദരിസായി കൊണ്ടാണ് സേവനം ആരംഭിക്കുന്നത്.
വളരെ കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ ജനപ്രീതി നേടിയ മുദരിസാകാൻ അദ്ദേഹത്തിന് കഴിഞ്ഞു.
നന്തിയിൽ മുസ്ലിയാർ പ്രസിദ്ധനായി. ആളുകൾ ആവലാതികളും വേവലാതികളുമായി നന്തിയിലേക്ക് ഒഴുകാൻ തുടങ്ങി. ദർസ് നടത്താൻ സമയമില്ലാതെ വന്നപ്പോൾ അതിനു മറ്റൊരാളെ ചുമതലപ്പെടുത്തി അദ്ദേഹം ചികിത്സാ രംഗത്തേക്ക് തിരിച്ചു.
ചികിത്സക്ക് വേണ്ടി റഹ്മത്ത് മനസ്സിൽ സജ്ജമാകുകയായിരുന്നു. നന്തിയിലുള്ള തൻറെ ഏഴു വർഷത്തെ അധ്യാപന പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു അറബി കോളേജ് അനിവാര്യമാണ് എന്ന കാര്യം അദ്ദേഹം തദ്ദേശവാസികളെ അറിയിച്ചത്.
നന്തിയിൽ മുസ്‌ലിയാരുടെ ശ്രമഫലമായി യാഥാർത്ഥ്യമായതാണ് നന്തി ദാറുസ്സലാം അറബി കോളേജ്.
1976 ലായിരുന്നു പഠനത്തിന് ആരംഭം കുറിച്ചത് 1979 ഷംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാർ നന്തി ദാറുസ്സലാമില്‍ പ്രിന്‍സിപ്പല്‍ സ്ഥാനം ഏറ്റെടുത്തതോടെ സ്ഥാപനം ഉന്നതി പ്രാപിച്ചു.
സ്ഥാപനത്തിന് സ്ഥിര വരുമാനം ഉണ്ടാവുന്നതുവരെ നന്തിയിൽ മുസ്ലിയാരുടെ സഹായത്തോടെയാണ് കോളേജ് നടന്നിരുന്നത്. അദ്ദേഹത്തിൻറെ ഒരു കറാമത്തായി ആ മഹത്തായ സ്ഥാപനം നിലകൊള്ളുന്നു.
1994 ജൂൺ ആറാം തീയതി തിങ്കളാഴ്ച നന്തിയിൽ മുസ്ലിയാർ ഇഹലോകവാസം വെടിഞ്ഞു. നന്തി ജാമിഅഃ ദാറുസ്സലാം കോളേജ് പരിസരത്ത് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു. അല്ലാഹു ആ മഹാന്റെ ഖബറിടം വിശാലമാക്കി അനുഗ്രഹിക്കട്ടെ- ആമീന്‍.
അവലംബംഃ സമസ്ത പണ്ഡിതരുടെ കറാമത്തുകള്‍-
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ