പാറപ്പള്ളി
#ശയ്ഖുനാ_പാറപ്പള്ളി
#മഅ്‌രിഫത്തിന്റെ_മുന്തിരിവള്ളി
കൊയിലാണ്ടിക്കടുത്ത പാറപ്പള്ളി മഖാം. ആത്മീയ സഞ്ചാരികളെ മാടിവിളിക്കുന്ന പറുദീസ. ആത്മാന്വേഷികളുടെ അനശ്വര പ്രണയഭൂമി. ഖൽവത്തിലിരുന്നൊന്ന് കണ്ണടച്ചാൽ ദിവ്യാനുരാഗത്തിന്റെ ആയിരം വാതിലുകൾ ഒന്നിച്ച് തുറക്കപ്പെടുന്ന അൽഭുതലോകം.
വർഷങ്ങൾക്ക് മുമ്പ്; അവിടം കാടുമൂടിക്കിടക്കുകയായിരുന്നു. ആർക്കും അങ്ങനെയൊരു സ്ഥലത്തേക്കുറിച്ചറിയില്ല. ജുമുഅത്ത് പള്ളിയുടെ ഭാഗത്ത് കൂടെ പോകുമ്പോൾ കിട്ടുന്ന ചെരുവ് ഖബറിസ്ഥാനായി ഉപയോഗിക്കുന്നു. അവിടന്നങ്ങോട്ട് മുഴുവനും കാട് പിടിച്ച് കുറുക്കനും കാട്ട് ജീവികളും വിഹരിക്കുന്നു. (ആന, പുലി, സിംഹം എന്നൊന്നും കാച്ചി വിടല്ലേ.. ) ആരും അങ്ങോട്ട് പോകില്ല. ഭീതി നിറക്കുന്ന ഏകാന്തത. അവിടെ അങ്ങിങ്ങായി ഏതാനും ഖബറുകൾ. പഴയ മീസാൻ കല്ലുകൾ. കന്നുകാലികൾ കയറി മേഞ്ഞ് മീസാൻ കല്ലുകൾക്ക് ചുറ്റും ചാണകക്കാട്ടം നിറഞ്ഞു. സാഹചര്യവശാൽ അത്യപൂർവ്വം ആരെങ്കിലും എത്തിപ്പെട്ടാലായി. അത്ര തന്നെ.
ഈ പ്രകാശ തീരത്തെ പുറം ലോകത്തേക്കറിയിച്ച, അവിടെയുള്ള മഹാൻമാരുടെ മഹത്വം
വെളിപ്പെടുത്തിയ, ഇന്നീ കാണുന്ന രൂപത്തിൽ വലിയൊരു സിയാറത്ത് കേന്ദ്രമായി വളർത്തിയ മഹാൻ ഇന്നും
നമുക്കിടയിൽ ജീവിച്ചിരിക്കുന്നു.
#ശൈഖുനാ_അൽ_അല്ലാമഃ_അൽ_ആരിഫ്_ബില്ലാഹ്_പീറൊ_മുർശിദ്_പാറപ്പള്ളി_അബ്ദുറഹ്മാൻ_മുസ്ലിയാർ ഹഫിളഹുല്ലാഹ്.
അധികമാർക്കുമറിയാത്ത ആ ചരിത്രത്തിലേക്ക് വരാം. അജ്മീറിലെ ദീർഘമായ താമസിത്തിനിടയിൽ അദ്ദേഹം ഒരു സ്വപ്നം കണ്ടു. സ്വപ്നമെന്ന് പറഞ്ഞു കൂടാ. യഥാർത്ഥ കാഴ്ച തന്നെ.
"മനോഹരമായ ഒരു പ്രദേശം. കടലിനോട് ചേർന്ന് നിറയെ പാറക്കല്ലുകൾ നിറഞ്ഞ കാട് മൂടി നിൽക്കുന്ന ചെറിയൊരു കുന്ന്.
അവിടെ ഏതാനും പൗരാണികമായ ഖബറുകൾ. ചെറിയൊരു പള്ളിയും തൊട്ടടുത്തൊരു കുളവും. കുളത്തിലേക്ക് ചാഞ്ഞ് ഒരു മാവ്. അതിൽ മൂത്ത് പാകമായ രണ്ട് മാങ്ങകൾ. അതിൽ നിന്ന് ഒന്നെടുത്ത് ഭക്ഷിക്കുന്നു. ഈ സ്ഥലം എവിടെയാണെന്ന് സൂചന നൽകി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഒരു ട്രെയിനും. അങ്ങോട്ട് പോകണം. അവിടം ഇമാറത്ത് ചെയ്യണം." ഇതാണ് സ്വപ്നം.
സ്വപ്ന ദർശനത്തെ തുടർന്ന് മഹാനവർകൾ നാട്ടിലെത്തി. പ്രസ്തുത സ്ഥലം തേടിയുള്ള അലച്ചിൽ തുടങ്ങി. പല സ്ഥലങ്ങളും ചുറ്റിനടന്നു. പൗരാണിക രേഖകൾ ചിക്കിച്ചികഞ്ഞു. നിരാശ മാത്രം ബാക്കി. എവിടെയും കണ്ടെത്താൻ സാധിച്ചില്ല. ഒടുവിൽ കോഴിക്കോട് ഇടിയങ്ങര ശൈയ്ഖിന്റെ പള്ളിയിലും ജിഫ്രി ഹൗസിലുമായി മൂന്നു മാസം കൂടി. ഇതിനിടയിൽ ശൈഖ് പള്ളി ഇമാം മജീദ് മുസ്‌ലിയാരോട് (യു.കെ. മജീദ് മുസ്‌ലിയാർ ബദവി മഖാം) സ്വപ്ന വിവരം പങ്കുവച്ചു. കൊയിലാണ്ടി ഭാഗത്ത് കാട്പിടിച്ച് കിടക്കുന്ന ഒരു ചെറിയ കുന്നും അവിടെ ചില ഖബ്റുകളുമൊക്കെ ഉണ്ട് എന്ന് മജീദ് മുസ്‌ലിയാർ പറഞ്ഞെങ്കിലും അന്നത് അത്ര ഗൗനിച്ചില്ല. ശൈഖിന്റെ പള്ളിയിൽ നിന്ന് സ്വപ്നം ആവർത്തിച്ചു. അജ്മീറിൽ നിന്ന് കണ്ട അതേ കാഴ്ച തന്നെ. മജീദ് മുസ്‌ലിയാരോട് വീണ്ടും വിവരം പറഞ്ഞപ്പോൾ നേരത്തെ പറഞ്ഞ സ്ഥലത്തേക്ക് പോകാൻ തീരുമാനിച്ചു. കൊയിലാണ്ടി ഭാഗത്ത് മദ്രസയിൽ ജോലിചെയ്തിരുന്ന കാലത്തെ പരിചയം വെച്ചാണ് മജീദ് മുസ്ലിയാർ ഇങ്ങനെയൊരു സ്ഥലത്തേ കുറിച്ച് പറഞ്ഞത്. ഇനി മജീദ് മുസ്ലിയാർ തന്നെ പറയട്ടെ.
"ഞങ്ങൾ കോഴിക്കോട് നിന്നും കൊയിലാണ്ടിയിലേക്ക് പുറപ്പെട്ടു. ചെങ്ങോട്ടുകാവ് ഗേറ്റ് എത്തിയപ്പോൾ അവിടെ എന്തോ പണി നടക്കുന്നു. റോഡ് ബ്ലോക്കാണ്. പെട്ടെന്നൊന്നും കുരുക്കഴിയുന്ന ലക്ഷണമില്ല. മൊയ്ല്യാര് അവിടെ ഇറങ്ങി. അത്രമാത്രം ആകാംക്ഷയും അക്ഷമയും അദ്ദേഹത്തെ ബാധിച്ചിരുന്നു. ഞങ്ങൾ നടന്നു. കൊയിലാണ്ടി വലിയകത്ത് മഖാം സിയാറത്ത് ചെയ്ത് കടൽതീരത്തു കൂടെ നടന്ന് ഖിളർ പള്ളിയുടെ ഭാഗത്ത് കയറി. സമയം രാത്രി 11 മണി കഴിഞ്ഞിട്ടുണ്ട്. ഖിളർ പള്ളിയും അതിന്റെ പരിസരത്തുള്ള ഖബറും കണ്ട മാത്രയിൽ തന്നെ മൊയ്ല്യാര്ക്ക് കരച്ചിൽ വന്നു. നിന്ന നിൽപ്പിൽ അരമണിക്കൂറിലധികം ഒരേ കരച്ചിൽ! സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നു. കാലങ്ങളായി ദാഹിച്ചലഞ്ഞ ലക്ഷ്യസ്ഥാനത്ത് കാലെടുത്ത് വെച്ചിരിക്കുന്നു. അവിടമാകെ ചുറ്റി നടന്നു. "പാറപ്പള്ളി" (ചെറിയൊരു കുളത്തിനോട് ചേർന്ന് പാറയുടെ മുകളിൽ നിർമ്മിക്കപ്പെട്ട കൊച്ചു പള്ളി. ഇപ്പോഴത് പുതുക്കിപ്പണിത് വലുതാക്കിയിട്ടുണ്ട്) യുടെ സമീപത്തെത്തിയപ്പോൾ അവിടെ കുളത്തിനോട് ചേർന്ന് ഒരു മാവ്. ആ മാവിൽ മൂത്ത് പാകമായ രണ്ട് മാങ്ങകൾ തൂങ്ങി നിൽക്കുന്നു. അന്ന് രാത്രി ഞങ്ങളവിടെ കൂടി. പിറ്റേന്ന് നേരം വെളുത്തപ്പോൾ നിങ്ങൾ പൊയ്ക്കോ ഞാനിവിടെ കൂടുകയാണെന്ന് പറഞ്ഞ് മൊല്യാരവിടെക്കൂടി. ഞാനിങ്ങ് പോന്നു. ഇതാണ് തുടക്കം."
ഇത്രയും കാര്യങ്ങൾ നേരിട്ടറിയണമെങ്കിൽ കോഴിക്കോട് ബീച്ചിൽ ബദവി മഖാം വരെയൊന്ന് പോയാൽ മതി. മജീദ് മുസ്ലിയാര് എപ്പോഴും അവിടെയുണ്ടാകും.
ശൈഖുനായുടെ പ്രിയ മകൻ ഹസ്ബുല്ലാഹ് ബാഖവിയുടെ കൂടെയും
നമുക്ക് കുറച്ച് നേരം ഇരിക്കാം.
" ബാപ്പ ഒരു കാലത്ത് നിരന്തരമായ സഞ്ചാരമായിരുന്നു. അപൂർവ്വമായി പെരേൽക്ക് വരും. വീണ്ടും തിരിച്ചു പോകും. ഇന്ത്യയിലെ ഒട്ടുമിക്ക മസാറുകളും കയറിയിറങ്ങിയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ആഴ്ചകളോളം താമസിക്കും. അജ്മീറിൽ രണ്ട് തവണയായി നീണ്ട കാലയളവ് കൂടിയിട്ടുണ്ട്. ആദ്യം പോയത് കാരക്കുന്ന് തൃക്കലങ്ങോട് ദർസ് നടത്തുമ്പോഴാണ്. പിന്നെ കുറെകാലം ചുറ്റി നടന്ന് വീണ്ടും ദർസ് നടത്തി. രണ്ടാമത്തെ പോക്ക് 1976ലാണ്. ഞാൻ ചെറിയ കുഞ്ഞാണ്. ബാപ്പ എന്നെ കളിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ വാതിലിന്റെ ഉമ്മറപ്പടിയിൽ എന്റെ ചുണ്ട്
തട്ടി മുറിഞ്ഞു. ഞാൻ കരഞ്ഞു. "ഇവനെ കളിപ്പിച്ചിരുന്നാൽ എന്റെ വഴി മുടങ്ങും" എന്നു പറഞ്ഞ് ബാപ്പ അവിടെ നിന്ന് ഇറങ്ങി നടന്നു. ആ പോക്ക് അജ്മീറിലാണെത്തിയത്.
മൂന്ന് വർഷത്തോളം നീണ്ട അജ്മീർ വാസത്തിനൊടുവിൽ 1979ൽ പാറപ്പള്ളിയിലെത്തി. "بين اليقظة والمنام "
(ഉറക്കിന്റെയും ഉണർച്ചയുടെയും ഇടയിൽ) എന്നാണ് ബാപ്പ ആ സ്വപ്ന ദർശനത്തെ കുറിച്ച് പറയാറുള്ളത്. വളരെ കൃത്യമായിരുന്നു അത്. മാവിൽ തൂങ്ങി നിന്ന മാങ്ങകളിലൊന്ന് ബാപ്പ കഴിച്ചതടക്കം ഓരോന്നും അൽഭുതകരമാണ് "
പാറപ്പള്ളിയിലെത്തിയ "ഔലിയ" യെക്കുറിച്ച് ജനമറിഞ്ഞു. ജനങ്ങൾ അങ്ങോട്ടൊഴുകി. കൂട്ടത്തിൽ മഞ്ചേരി പുൽപ്പറ്റ സ്വദേശി മൊയ്തീൻ മുസ്ലിയാരും പാറപ്പള്ളി ലക്ഷ്യമാക്കി പുറപ്പെട്ടു. മഖാമിന്റെ സമീപത്ത്
ആളുകൾ വെള്ളവും ചരടും പിടിച്ച് കാത്ത് നിൽക്കും. അവർക്കിടയിലേക്ക് ഏതെങ്കിലുമൊരു സമയത്ത് മഹാൻ ഇറങ്ങി വരും. ഇതാണ് പതിവ്. മൊയ്തീൻ മുസ്ലിയാരും അവർക്കിടയിൽ ആകാംക്ഷയോടെ കാത്ത് നിന്നു. കാത്തിരിപ്പുകൾക്കൊടുവിൽ കാട്ടിൽ
നിന്നിറങ്ങി വന്ന ഔലിയയെ കണ്ട
മൊയ്തീൻ മുസ്ലിയാർ ഒന്ന് ഞെട്ടി. കണ്ണുകളെ വിശ്വസിപ്പിക്കാൻ ഒന്ന് കൂടി ചുഴിഞ്ഞ് നോക്കി. മൂന്ന് കൊല്ലം മുമ്പ് വീട് വിട്ടിറങ്ങിപ്പോയ മരുമകൻ,
പ്രിയ മകൾ ആയിശയുടെ പുതിയാപ്ല. ഇതാ തന്റെ മുന്നിൽ നിൽക്കുന്നു. അമ്മോശന്റെ മനസ്സിൽ ആഹ്ലാദപ്പൂത്തിരി കത്തി. സംസമും ഹൗളുൽ കൗസറും ഒന്നിച്ച് കിട്ടിയ സന്തോഷം. പക്ഷെ ഇലാഹീ തജല്ലിയാത്തുകളുടെ പേമാരി പെയ്തിറങ്ങിയ ഹൃദയത്തിൽ ദുനിയാവിന്റെ ക്ഷണിക ബന്ധങ്ങൾക്കെന്ത് വില?
അവിടെ എന്ത് പുതിയാപ്ല? എന്ത് അമ്മോശൻ? ഒരു മൈൻഡും ചെയ്തില്ല. പക്ഷെ മൊയ്തീൻ മുസ്ലിയാർ വിട്ടില്ല. ഒടുവിൽ ഒന്നയഞ്ഞു. ജലാലിയ്യത്തിൽ കത്തിജ്വലിച്ച മിഴികളിൽ ജമാലിയ്യത്തിന്റെ മഴവിൽ വർണ്ണങ്ങൾ തെളിഞ്ഞു. "ഇനി വരുമ്പോൾ ഹസ്ബുല്ലയെ കൂട്ടണം."
**** **** **** **** **** ****
ഖിളർ പള്ളിയുടെ അടുത്ത് മണൽ വിരിച്ച് ഒരു കല്ല് തലയിണയാക്കി കിടക്കും. സമീപത്തു കൂടെ പാമ്പുകൾ ഇഴയും. ചിലപ്പോൾ അവ ഇഴഞ്ഞു വന്ന് അവിടെ കിടക്കും.
ഭക്ഷണത്തിലേക്ക് ശ്രദ്ധയേയില്ല. കട്ടൻ ചായ, കപ്പലണ്ടി, അവില്, പൂള ഇതൊക്കെയായിരുന്നു കഴിച്ചിരുന്നത്.
ചരിത്രത്തിന്റെ വളവുതിരിവുകൾക്കിടയിലെവിടെയോ കൈമോശം വന്ന പാറപ്പള്ളിയുടെ സുഗന്ധ സ്മൃതികൾ
വീണ്ടും അടിച്ചു വീശി.
പൊട്ടിപ്പൊളിഞ്ഞ ഖബറുകൾ
കെട്ടി സംരക്ഷിച്ചു. ജീർണ്ണിച്ച പള്ളികൾ പുനരുദ്ധരിച്ചു.
വഴികളും നടപ്പാതകളും വെട്ടിത്തെളിച്ചു.
ഒരടയാളം പോലുമില്ലാതെ പാടെ നശിച്ചു പോയ പള്ളി കശ്ഫിലൂടെ വ്യക്തമാക്കി. അവിടെ മണ്ണ് മാന്തിയപ്പോൾ കണ്ടെത്തിയ അവശിഷ്ടങ്ങളുടെ അതേ അസ്ഥിവാരത്തിൽ പടുത്തുയർത്തിയ
പള്ളിയാണ് പാറപ്പള്ളിക്കുന്നിലെ പള്ളികളിലൊന്നായ സിദ്ദീഖ് മസ്ജിദ്.
വാഹന സൗകര്യമില്ലാത്ത ആ കുന്നിലേക്ക് സാഹസപ്പെട്ട് കല്ലും സിമന്റും മരവും മറ്റ് നിർമ്മാണ സാമഗ്രികളും എത്തിക്കാനുള്ള സാഹസം ഒന്നാലോചിച്ച് നോക്കൂ..
അവിടെ അന്ത്യ വിശ്രമം കൊള്ളുന്ന മഹാത്മാക്കളെ കുറിച്ച് പലതും വെളിപ്പെടുത്തി. അവരുടെ കൂട്ടത്തിലെ വലിയ മഹാൻ ഇന്ന ഖബറാളിയാണെന്നും
സ്വഹാബികളിൽ പെട്ടവരാണെന്നും
ബദരീങ്ങളിൽപ്പെട്ട തമീമുൽ അൻസ്വാരി (റ) ആണെന്നും
വെളിപ്പെടുത്തി അവിടെ പ്രത്യേകം ഇമാറത്ത് ചെയ്തു.
പ്രിയ സഹോദരങ്ങളെ..
ഞാനീ പറഞ്ഞതത്രയും കേട്ടപ്പോൾ
നാടും വീടും കൊടിയും കൊട്ടാരവും ഉപേക്ഷിച്ചിറങ്ങിയ ഇബ്രാഹിമു ബ്നു അദ്ഹം (റ) നെ ഓർമ്മ വരുന്നില്ലേ..
പക്ഷെ ഏതെങ്കിലും സൂഫിയാക്കളോ മഹത്തുക്കളോ ഉദ്ധരിച്ച
കഴിഞ്ഞ നൂറ്റാണ്ടുകളിലെ സ്വാലിഹീങ്ങളുടെ കഥയല്ലിത്.
ഇന്നും നമുക്കിടയിൽ ജീവിച്ചിരിക്കുന്ന അല്ലാഹുവിന്റെ ആലിമീങ്ങളിലും ആരിഫീങ്ങളിലും പെട്ട ഒരു മഹാത്മാവിന്റെ
ജീവൻ തുടിക്കുന്ന ചരിത്രമാണിത്.
ഇനിയും വിശദമായി എഴുതാനുണ്ട്.
പാറപ്പള്ളി ഉസ്താദ് കേവലം ഒരു സഞ്ചാരിയായ സൂഫി മാത്രമല്ല.
കേരളീയ പണ്ഡിത ശ്രേണിയിലെ ഒരു
സുവർണ്ണ പരമ്പരയിലെ തിളങ്ങുന്ന കണ്ണി കൂടിയാണ്. അത് മറ്റൊരു കുറിപ്പിൽ പറയാം. ഇൻശാഅല്ലാഹ്.
ബശീർ നദ്‌വി കൊട്ടില
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ